എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കൊച്ചിയിലെ തട്ട് കടകള്‍ നീക്കം ചെയ്യുന്നതായി ഒരു വാര്‍ത്ത കണ്ടു.എത്രയോ സാധാരണക്കാരായ മനുഷ്യരുടെ ജീവിത മാര്‍ഗ്ഗമാണിത്.അവരുടെ വയറ്റത്തടിച്ചു വേണമോ ഈ അഴിമതി മാമാങ്കം നടത്താന്‍?
എമെര്‍ജിംഗ് കേരള
എമെര്‍ജിംഗ് കേരള കൊടിയ അഴിമതിക്കും
അടിമത്വാതിനുമുള്ള കരാര്‍ ആണ്.വ്യാപകമായി ഭൂമി കയ്മാറ്റം നടത്തി ലോകത്ത്
ഒരിടത്തും വികസന വിപ്ലവം നടത്തിയിട്ടില്ല.അഴിമതി മണക്കുന്ന ഈ
പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറയാന്‍
സര്‍ക്കാര്‍ തയ്യാറാകണം.കേരള വികസനത്തിനുള്ള പോം വഴി ഇതാണോ?കഴിഞ്ഞ ഇടതു
സര്‍ക്കാര്‍ ലാഭത്തിലെത്തിച്ച പല വ്യവസായങ്ങളും ഇപ്പോള്‍
നഷ്ടത്തിലാണ്.പുതിയ എട്ടു വ്യവസായ സ്ഥാപനങ
്ങള്‍
ആരംഭിക്കാന്‍ എല്‍ ഡി എഫു സര്‍ക്കാര്‍ ആരംഭിച്ച നീക്കം ഇന്ന്
നിലച്ചിരിക്കുന്നു.തൊഴല്‍ അവസരങ്ങള്‍ നല്കാന്‍ ഈ പദ്ധതികള്‍ എന്ത് കൊണ്ട്
നടത്തുന്നില്ല?വികസനത്തിന് ഭാവനാ പൂര്‍ണമായ ഒട്ടേറെ വഴികളുണ്ട്.2000 ല്‍
കൊട്ടിഖോഷിച്ച ജിം എന്തായി??????കേരളത്തിന്റെ വികസന ക്കുതിപ്പിനു വലിയ
സംഭാവന നല്‍കിയ തിരവനന്തപുരംടെക്നോപാര്‍ക്ക് എല്‍.ഡി.എഫു.സര്‍ക്കരിന്റെ
സംഭാവനയായിരുന്നു.കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാര്‍ ഈ രംഗത്ത് നിരവധി
പദ്ധതികള്‍ നടപ്പിലാക്കി.വൈദ്യുതി ക്ഷാമം പരിഹരിച്ചു:ഇപ്പോള്‍
വൈദ്യുതിപോലും ഇല്ലാത്ത അവസ്ഥയായി.തൊഴില്‍ അവസരങ്ങളെ കുറിച്ച് പറയുന്ന
ഇവര്‍ നിയമന നിരോധനം നടപ്പിലാക്കുന്നു.കേരളത്തിന്റെ വികസനവും പുരോഗതിയുമല്ല
യു.ഡി.എഫു.ലക്‌ഷ്യം.ആര്‍ത്തി മൂത്ത അഴിമതിയുടെ പേരാണ് എമാര്‍ജിംഗ് കേരള.
പുകമറയ്ക്കുപിന്നില്‍ സംഭവിക്കുന്നത് - എ.എ.റഹിം
പുകമറയ്ക്കുപിന്നില്‍ സംഭവിക്കുന്നത് - എ.എ.റഹിം
കഴിഞ്ഞ മൂന്നു മാസത്തിലധികമായി മലയാള മാധ്യമങ്ങള്‍ സിപിഐ(എം) വിരുദ്ധ വാര്‍ത്തകളുടെ പുറകേ മാത്രമാണ്. എല്ലാ വാര്‍ത്തകളിലും സെന്‍സേഷണലിസം നിലനിര്‍ത്താനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. തുടര്‍നോവലുകളെ, ടെലിവിഷന്‍പരമ്പരകളെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ മലയാള മനസ്സിനെ നടത്തിക്കുന്ന മാധ്യമ പ്രൊഫഷണലിസത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇതേ കാലയളവില്‍ മാധ്യമങ്ങളില്‍ ഇടംകിട്ടാതെപോയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. കത്തിക്കയറേണ്ടിയിരുന്ന പലതും ചര്‍ച്ചകളില്‍പ്പെടാതെ മാധ്യമശാലകളിലെ അടുക്കളപ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു. ഒന്നും യാദൃശ്ചികമായിരുന്നില്ല, ആസൂത്രിതമായിരുന്നു. ചിലത് തമസ്‌കരിക്കപ്പെട്ടു. മറ്റുചിലത് പര്‍വ്വതീകരിക്കപ്പെട്ടു.
മലയാള മാധ്യമരംഗം കഴുത്തറുപ്പന്‍ മത്സരത്തിന്റെ അരങ്ങാണ്. ആദ്യം ബ്രേക്ക് ചെയ്യാന്‍, സ്‌കൂപ്പുകള്‍ തേടാന്‍, ഉദ്വേഗജനകമായി റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആര്‍ത്തിമൂത്ത മത്സരത്തിന്റെ പ്രേരണയുണ്ട്. അതിജീവിക്കാനും മുന്നേറാനും ഓരോ മലയാള മാധ്യമവും മത്സരിക്കുന്നു.
“മാതൃഭൂമി 1970-ല്‍ ആണ് മനോരമയുടെ പിന്നിലായത്. 1968-ല്‍ മാതൃഭൂമിക്ക് 2,13,000 കോപ്പിയും മനോരമയ്ക്ക് 1,96,000 കോപ്പിയുമായിരുന്നു. 1970-ല്‍ ഇത് യഥാക്രമം 2,44,000 കോപ്പിയും 2,95,000 കോപ്പിയുമായി ഉയര്‍ന്നു. 1968-ല്‍ നടന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ നിറംപിടിപ്പിച്ച റിപ്പോര്‍ട്ടിംങ്ങാണ് മനോരമയെ മുന്നിലെത്തിച്ചതെന്ന് ഗവേഷകനായ റോബിന്‍ ജഫ്രി നിരീക്ഷിച്ചിട്ടുണ്ട്.”(വ്യാജസമിതിയുടെ നിര്‍മ്മിതി-എന്ന പുസ്തകത്തില്‍നിന്നും) സര്‍ക്കുലേഷനും സെന്‍സേഷണലിസവും തമ്മിലുള്ള ബന്ധം ഇതുപോലെയുള്ള പഠനങ്ങളിലും ഗ്രന്ഥങ്ങളിലും അനാവരണം ചെയ്തിട്ടുണ്ട്.
പക്ഷേ സമീപകാലത്ത് മാധ്യമങ്ങള്‍ അപസര്‍പ്പകകഥകളെ വെല്ലുന്ന വാര്‍ത്താപുകമറ തീര്‍ക്കുന്നതിനു പിന്നില്‍ സര്‍ക്കുലേഷന്‍ എന്ന മാധ്യമ മുതലാളിയുടെ ലളിതമായ കച്ചവട താല്പര്യം മാത്രമാണോ? സമീപകാലത്തെ വാര്‍ത്താസ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ കുടിലമായ രാഷ്ട്രീയ ബുദ്ധികൂര്‍മ്മത പതിയിരിക്കുന്നു. അടുത്തകാലത്തായ് പര്‍വ്വതീകരിക്കപ്പെട്ട വാര്‍ത്തകള്‍ ഏതൊക്കെ..... തമസ്‌കരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഏതെല്ലാം...... വാര്‍ത്താവിസ്‌ഫോടനങ്ങള്‍ ഉണ്ടായ രാഷ്ട്രീയ സാഹചര്യം ഏത്..... ഈ ഘടകങ്ങള്‍ ചേര്‍ത്തുവച്ച് നോക്കിയാല്‍ സങ്കുചിതവും കണിശവുമായ രാഷ്ട്രീയ കരുനീക്കം തിരിച്ചറിയാനാകും.
നവറിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ രാജ്യത്ത് നടപ്പിലാക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഏര്‍പ്പെട്ട ഉടമ്പടികളുടെ, നടപ്പില്‍വരുത്തിയ നിയമങ്ങളുടെ ആഘാതം ഭൂരിപക്ഷം ജനങ്ങളും നേരിട്ട് അനുഭവിച്ചു തുടങ്ങിയ കാലയളവാണ് ഇത്. ഏറ്റവും പ്രധാനം ഭക്ഷ്യദൗര്‍ലഭ്യമാണ്. റേഷന്‍ സമ്പ്രദായം പൂര്‍ണ്ണമായി തകര്‍ന്നു. മണ്ണെണ്ണപോലും നിഷേധിക്കപ്പെടുന്നു. ഇന്ധനം, വളം, ഔഷധങ്ങള്‍തുടങ്ങി വിവിധ രംഗങ്ങളിലെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ കെടുതി ജനങ്ങള്‍ നേരിട്ട് അനുഭവിച്ചുതുടങ്ങി. ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചു. അസമത്വം രൂക്ഷമായി.
കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എന്തെങ്കിലും ഒരു നല്ലകാര്യംചെയ്തു എന്നവകാശപ്പെടാന്‍ സര്‍ക്കാരിന് ആവില്ല.വാഗ്ദ്ദാനലംഘനങ്ങളുടെ, ജനവിരുദ്ധതയുടെ, വര്‍ഗ്ഗീയപ്രീണനത്തിന്റെ ഘോഷയാത്രയാണിവിടെ. ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സര്‍ക്കാര്‍, മുന്നണിയിലും പാര്‍ട്ടിയിലും അസ്വസ്തത നീറിപ്പുകയുന്നു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ഒരു ട്രപ്പീസുകളിക്കാരന്റെ സാമര്‍ത്ഥ്യത്തോടെ മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി. ഈ നൂല്‍പ്പാലം താണ്ടാന്‍ മുഖ്യമന്ത്രി പരീക്ഷിക്കുന്ന ചാണക്യതന്ത്രം പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടേയ്ക്കാം. കേരളത്തിന്റെ പൊതുബോധം നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള ചില മാധ്യമങ്ങളോടുള്ള കടപ്പാട് അന്നൊരുപക്ഷേ അദ്ദേഹം പരസ്യപ്പെടുത്തുകും ചെയ്‌തേക്കാം.
മേയ് 23 ബുധന്‍ വൈകുന്നേരമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനവിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത പരന്നൊഴുകി. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തി. സംസ്ഥാനത്ത് അടുത്ത ദിവസത്തേയ്ക്ക് ഹര്‍ത്താല്‍ ആഹ്വാനവും വന്നു. അതുവരെ മലയാളമാധ്യമങ്ങള്‍ പൊലിപ്പിച്ചു നിര്‍ത്തിയിരുന്ന 'ഒഞ്ചിയം കഥകള്‍' ഒലിച്ചുപോയി. പൊതുബോധത്തില്‍ ഭരണവിരുദ്ധ വികാരം മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാപിക്കപ്പെട്ടു. നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് 10 ദിനങ്ങള്‍മാത്രം മുമ്പായിരുന്നു ഈ സംഭവമെന്നോര്‍ക്കണം. പക്ഷേ മണിക്കൂറുകള്‍ക്കകം വാര്‍ത്തകള്‍ കീഴ്‌മേല്‍മറിഞ്ഞു. അതേദിവസം രാത്രിയില്‍തന്നെ ധൃതിപ്പെട്ട് സിപിഐ(എം) ഒഞ്ചിയം ഏര്യാസെക്രട്ടറി സി.എച്ച്. അശോകനെ അറസ്റ്റ്‌ചെയ്തു. ഇന്ധനവിലവര്‍ദ്ധനവിന്റെ വാര്‍ത്താഫ്‌ളാഷുകള്‍ സി.എച്ച്. അശോകനായി വഴിമാറി. അടുത്ത ദിവസം സര്‍ക്കാര്‍ വിരുദ്ധതയില്‍ പ്രതിഷേധം പടര്‍ന്ന് നിശ്ചലമായ തെരുവുകളില്‍ പതിയേണ്ട ക്യാമറകള്‍ വടകര കോടതിയില്‍ കെട്ടിയിടപ്പെട്ടു. ഒരു വെളിപാടുപോല്‍ അന്നുരാത്രിതന്നെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നീക്കം രാഷ്ട്രീയ ചതുരംഗത്തിലെ ഉമ്മന്‍ചാണ്ടിയുടെ ചടുലവും കണിശവുമായ തന്ത്രമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷം ജനങ്ങളില്‍ ശക്തമായി നിന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു പി.ജയരാജനെ അറസ്റ്റ് ചെയ്തത്. ഭീമമായ വൈദ്യുതചാര്‍ജ്ജ് വര്‍ദ്ധനവ്, കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകര്‍ക്കുന്ന ഊര്‍ജ്ജക്ഷാമം എന്നിവ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ ആര്‍ത്തലയ്‌ക്കേണ്ട പ്രതിഷേധ കൊടുങ്കാറ്റിന്റെ ഗതി മാറിയത് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുണ്ടായ ആസൂത്രിതമായ അറസ്റ്റിലൂടെയായിരുന്നു. നെല്ലിയാമ്പതി എസ്റ്റേറ്റ് തര്‍ക്കം, പി.സി.ജോര്‍ജ്ജിന്റെ പരാക്രമങ്ങളില്‍ അമര്‍ഷം പുകയുന്ന കോണ്‍ഗ്രസ് ക്യാമ്പ്, ഇതിനിടയില്‍ “ട്രപ്പീസുകളിക്കാരന്‍” കാട്ടിയ സാമര്‍ത്ഥ്യം ഗംഭീരംതന്നെ..
സിപിഐ(എം) ജില്ലാ സെക്രട്ടറിയെ അറസ്റ്റുചെയ്താല്‍ പ്രതിഷേധം ആളിപ്പടരുമെന്ന് അറിയാത്ത ആളല്ല ഉമ്മന്‍ചാണ്ടി. ആ തിരിച്ചറിവു തന്നെയാണ് അത്തരമൊരു അറസ്റ്റിനു നിര്‍ദ്ദേശം കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പ്രേരണ നല്‍കിയതും. തുടര്‍ന്ന് അറസ്റ്റിനെതിരായ പ്രതിഷേധാഗ്നി മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ട്രപ്പീസ് ചുവട് മനോഹരമായി മുന്നോട്ട്....
എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിന് ഒരു രാത്രിയില്‍ ആരോ തീവച്ചു.ഓലമേഞ്ഞ വീടിനെ തീവിഴുങ്ങി. ഭൂമിശാസ്ത്രപരമായി പ്രദേശത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്തിരുന്ന വീടുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. അഗ്നി പടരുന്നതുകണ്ട നാട്ടുകാര്‍ തങ്ങളുടെ വീടുപേക്ഷിച്ച് ഞങ്ങളെ രക്ഷിക്കാന്‍ ഓടിക്കൂടി. അപ്പോള്‍ വീട് തീയിട്ട കള്ളന്‍മാര്‍ പ്രദേശത്തെ എല്ലാ വീടുകളും കൊള്ളയടിച്ചുകഴിഞ്ഞിരുന്നു. എന്റെ നാട്ടിലെ ആ കൊള്ളസംഘത്തെപ്പോലെ ഉമ്മന്‍ചാണ്ടിയും സംഘവും മലയാളികളെ വിഢ്ഡികളാക്കുകയാണിവിടെ. വാര്‍ത്തയുടെ പുകമറയില്‍ നാട് കൊള്ളയടിക്കുകയാണ്.
ടിപി വധം സംബന്ധിച്ച വാര്‍ത്തകള്‍ക്കു മറവില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
യുഡിഎഫ് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തുണയായ സാമുദായിക സംഘടനകള്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു. മന്ത്രിമാര്‍ കഴിവുകെട്ടവരെന്ന് വി.എം.സുധീരന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു.വും യൂത്ത് ലീഗും എംഎസ്എഫും പരസ്പരം പോര്‍വിളിച്ചുനില്‍ക്കുന്നു. ഭരണത്തിനെതിരെ കോണ്‍ഗ്രസിലും മുന്നണിക്കകത്തും അമര്‍ഷം പുകയുന്നു. ഇതിനിടയില്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആശ്രയിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥമായി വാര്‍ത്തകള്‍ മാറുന്നു.
മാധ്യമസദാചാരം, ജനപക്ഷമാധ്യമപ്രവര്‍ത്തനം തുടങ്ങിയ പദങ്ങള്‍ അലങ്കാരമായി ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്കകത്ത് വിശ്രമിക്കട്ടെ. ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിച്ച പാഠങ്ങള്‍ അവിടംകൊണ്ടവസാനിക്കട്ടെ. പ്രായോഗിക മാധ്യമ പ്രവര്‍ത്തനം വേറെ പഠിക്കണം. മാധ്യമ മുതലാളിയുടെ താല്‍പ്പര്യത്തിനൊപ്പം പരുവപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ മനസ്സ്. എന്നാല്‍ തങ്ങള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ കുടിലമായ രാഷ്ട്രീയനീക്കമാണെന്ന് കൂടി മാധ്യമരംഗത്തെ മിടുക്കന്‍ യൗവ്വനങ്ങള്‍ ഇനിയെന്നാണ് തിരിച്ചറിയുക....
ശക്തമായ രാഷ്ട്രീയ പക, വര്‍ഗ്ഗീയചേരിതിരിവ് എല്ലാം വളരെപ്പെട്ടെന്ന് കേരളത്തെ കീഴടക്കുകയാണ്. രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമാക്കിനിര്‍ത്തി, കോണ്‍ഗ്രസ് - യുഡിഎഫ് ക്യാമ്പിനെ തനിക്കുപിന്നില്‍ സജീവമാക്കി നിര്‍ത്താനും ഉമ്മന്‍ചാണ്ടി പരിശ്രമിക്കുകയാണ്. സിപിഐ(എം)മിനെതിരായ പൊതുബോധം ഹിസ്റ്റീരിയപോലെ പടര്‍ത്തി, കമ്മ്യൂണിസ്റ്റ് വിരുദ്ധയില്‍ മാധ്യമങ്ങളെയും യുഡിഎഫിനെയും ഉറപ്പിച്ചുനിര്‍ത്തി ഭരണംമുന്നോട്ടുനീക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്നു. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍, പെന്‍ഷന്‍ പദ്ധതി തന്നെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നു.
ഭാവികേരളത്തെപ്പോലും ഇരുളിലാഴ്ത്തുന്ന ഈ നയങ്ങള്‍ക്കെതിരെ പൊതുബോധം നിര്‍മ്മിക്കുവാന്‍ മാധ്യമങ്ങള്‍ മെനക്കെടുന്നില്ല. തങ്ങളുടെ വര്‍ഗ്ഗതാല്പര്യം കൂടുതല്‍ ഭ്രാന്തമായി മാധ്യമങ്ങള്‍ പ്രകടിപ്പിക്കുകയാണിവിടെ. ഇനിയും ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഉദ്വേഗജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ്. കൂടുതല്‍ ജാഗ്രതയോടെ ജനാധിപത്യസ്‌നേഹികള്‍ ഈ ചാണക്യതന്ത്രത്തിനെതിരെ കരുതിയിരിക്കണം. കാരണം. ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം ഭരണമാണ്. പക്ഷേ നാളെ കേരളം ബാക്കിയുണ്ടാകണമല്ലോ..
മനോരമയ്ക്ക് മതിഭ്രമം വന്നാല്‍.......
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസ് ഉയിര്‍ത്തെഴുന്നേറ്റു......
സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തില്‍ യുഡിഎഫ് അകപ്പെട്ട കാലം. ഈജിപ്തിലെ രാജവാഴ്ചയ്‌ക്കെതിരെ കലാപമുയര്‍ന്ന അതേ കാലയളവില്‍ തന്നെ ഇങ്ങ് മലപ്പുറത്തും മുസ്ലിംലിഗീന്റെ സുല്‍ത്താന്‍ വാഴ്ചയുടെ കൗണ്‍ ഡൗണ്‍ തുടങ്ങി. നാലാം തരം പെണ്ണുകേസ്...... അളിയന്‍മാര്‍തമ്മിലെ കുടുംബവഴക്ക് മുനീര്‍ കുഞ്ഞാലിക്കുട്ടി ഗ്രൂപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ എന്നതിനൊക്കെ അപ്പുറത്ത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്കാണ് വാര്‍ത്താദൃശ്യങ്ങള്‍ വെളിച്ചം വിതറുന്നത്. ജുഡീഷ്യറിയുടെ കളങ്കം, കേസ് അട്ടിമറിച്ചതിനുപയോഗിച്ച കളളപണത്തിന്റെ സ്രോതസ്സ്, കളളനോട്ടും ഹവാലയുമുള്‍പ്പെടെയുളള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗൗരവമായ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇന്ത്യാവിഷനില്‍ മലയാളികള്‍ കണ്ടത്.
ഈ വാര്‍ത്തകള്‍ ലീഗിനെ, യു.ഡി.എഫി നെ ചൊടിപ്പിക്കുന്നത് സ്വാഭാവികം. എന്നാല്‍ മലയാള മനോരമയെ പ്രകോപ്പിച്ചത് സാമാന്യയുകതികൊണ്ട് ന്യായീകരിക്കാനാകുന്നതല്ല. മനോരമയും മാതൃഭൂമിയും ഈ വാര്‍ത്തകളോട് അസനിഷ്ണുതയും അകലവും പാലിച്ചത് നമ്മള്‍ കണ്ടു. അതുകൊണ്ടും തീരാതെ മലയാളമനോരമ ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചിരിക്കുന്നു.
എഡിറ്റോറിയല്‍ മാധ്യമത്തിന്റെ നിലപാടാണ് പ്രതിഫലിപ്പിക്കുന്നത്. വാര്‍ത്തകളും നീരിക്ഷണങ്ങളും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. 2011 ഫെബ്രുവരി 4ന് 'വോട്ടിനായി ഇത്രയും തരം താഴാമോ' എന്ന തലകെട്ടില്‍ മലയാളമനോരമ ദിനപത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. മനോരമയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരത്തിന്റെ ഉദാഹരണമായി എക്കാലവും എടുത്തുകാട്ടാവുന്ന കടലാസ് കഷണമായിരിക്കുമിത്.
'രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മ്മ പരിപാടികളും മുന്‍ നിര്‍ത്തി ഉളളതാകുമ്പോഴാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഒളിക്ക്യാമറകളെ അഭയം പ്രാപിക്കുന്നത് തരം താണ രാഷ്ടീയം തന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമന്റെ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരെഞ്ഞെടുപ്പ് രഥം ഉരുണ്ടു വരുന്നത് കണ്ട് പകച്ച് രണ്ടും കല്പിച്ചുളള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്” കുപ്രസിദ്ധമായ മനോരമ എഡിറ്റോറിയല്‍ സമാഹാരത്തില്‍ ഒരെണ്ണം കൂടി !
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ വാര്‍ത്ത പുറത്ത് വിട്ടത് കൈരളി - പീപ്പിള്‍ ആയിരുന്നില്ല. ഇന്ത്യാവിഷനായിരുന്നു. ഇന്ത്യാവിഷന്‍ ഉടമസ്ഥാവകാശം ഡോ:എം.കെ.മുനീറിനാണ്. 'ഞങ്ങളുടെ കൈവശം ഇനിയും ടേപ്പുകളുണ്ട്, അവ കേരളത്തിന്റെ മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും കൈമാറും' ഇതു പറഞ്ഞതും ഇന്ത്യാവിഷന്‍. ഇവിടെ എവിടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇടപെടല്‍?
മനോരമ ദിനപത്രം ഈ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന്റെ അതേ ദിവസം തന്നെയാണ് മനോരമ ടിവിയുടെ അഭിമുഖ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ''തന്റെ പാര്‍ട്ടിയിലുളള ചിലരുടെ അതിമോഹമാണ് ഈ വാര്‍ത്തകള്‍ക്കു പിന്നില്‍.''” ഈ അഭിമുഖ സംഭാഷണത്തിലെ ഓരോ വെളിപ്പെടുത്തലും ലീഗ് രാഷ്ട്രീയത്തിലെ പക പുരണ്ട യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥിരീകരണമായിരുന്നു. കുഞ്ഞാലിക്കുട്ടി പോലും ആര്‍ജ്ജവത്തോടെ ആരോപിക്കാത്ത ഒരു കാര്യം മനോരമ എന്തിനു എഡിറ്റോറിയല്‍ എഴുതി? രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് മനോരമയ്ക്ക്. കേരളം ഇനി യു.ഡി.എഫ് തന്നെ ഭരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി മനോരമ. അടുപ്പില്‍ കഞ്ഞിക്കായ് വെളളം തിളപ്പിച്ച് അരിയിടുന്നതിനായി പാത്രമെടുത്തപ്പോള്‍ തട്ടി താഴെയിട്ടിരിക്കുന്നു ചില ചാനല്‍ പൂച്ചകള്‍. മദ്യശാലയ്ക്ക് അവധിയുള്ള ദിവസം സംഘടിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി തട്ടിയിട്ട് ഉടച്ചവനോട് കളളു കുടിയനു തോന്നുന്ന അടങ്ങാത്ത അരിശം പോലെ മനോരമ പേനയെടുത്ത് ഉറഞ്ഞുതുളളി. എഡിറ്റോറിയല്‍ ആണെന്നും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പുറത്തിറക്കുന്ന ലഘുലേഖ അല്ല ഇതെന്നുമുളള തിരിച്ചറിവ് അരിശത്തളളിച്ചയില്‍ മറന്നു പോയി മനോരമ.
യുഡിഎഫിനെ അരിയിട്ട് വാഴിക്കാന്‍ ഇത്തവണ ഏറെ പാടുപെടേണ്ടി വരുമെന്ന് മറ്റാരെക്കാളും നന്നായി മലയാളമനോരമയ്ക്കറിയാം. ഇത്രയും കാലം പരീക്ഷിച്ച മരുന്നുകൂട്ടുകള്‍ കൊണ്ട് ഇത്തവണ യുഡിഎഫിന്് മൃതസഞ്ജീവനി പകരാനാവില്ല. പുതിയ ആയുധത്തിനായി തലപുകയ്ക്കുമ്പോഴാണ് സാക്ഷാല്‍ എം.കെ.മുനീര്‍ വക ഈ ചതി. കരളുരുകി വിലപിക്കാനല്ലാതെ ആരോടെന്നില്ലാതെ തട്ടിക്കയറാനല്ലാതെ, എന്തു ചെയ്യാനാകും മനോരമയ്ക്ക്
കുപ്രസിദ്ധമായ വിമോചന സമരത്തിലെ കൂട്ടുപ്രതിയാണ് മലയാള മനോരമ. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ഈ മലയാള പത്രം ഇംഗ്ലീഷ് ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതി. 'Kerala Agitation And Indian Constitution' വിമോചന സമരമദ്ധ്യേ സംസ്ഥാന സന്ദര്‍ശനം നടത്തിയ നെഹ്‌റുവിന്റെ ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു ഈ സാഹസം. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ കപ്പിത്താനാണ് എക്കാലവും മലയാള മനോരമ.
മാധ്യമ സദാചാരത്തെക്കുറിച്ച് മനോരമ എഡിറ്റോറിയല്‍ വാചാലമാകുന്നത് നോക്കുക. ആരുടെയൊക്കെയോ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് ചൂട്ടുപ്പിടിക്കുന്ന ഒളിക്യാമറ പ്രവര്‍ത്തനം മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗും ഏതാനും തല്പര കക്ഷികളുടെ ഒപ്പം സഞ്ചരിച്ച് അവര്‍ പറയുന്നത് പ്രാകരമുളള ചിത്രീകരണവും തമ്മിലുളള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇതുപോലെ ഒട്ടേറെ സാരാംശങ്ങള്‍ കൊണ്ട് സമ്പന്നമാണ് എഡിറ്റോറിയല്‍. ഒന്നുമില്ലായ്മയില്‍ നിന്ന് കഥയുണ്ടാക്കി നാടുവിറപ്പിച്ചവര്‍... മനോരമയുടെ സെന്‍സേഷണലിസവും പ്രൊഫഷണലിവും തകര്‍ത്തെറിഞ്ഞറിഞ്ഞ രാഷ്ട്രീയ നേത്യത്വം മുതല്‍ ,സാധാരണക്കാര്‍ വരെ എത്രയോപേര്‍ ഈ എഡിറ്റോറില്‍ വായിച്ച് പുച്ഛിച്ചുണ്ടാവും. അച്ചടിശാലകളില്‍ നിന്നും വിവാദ വ്യവസായത്തിന്റെ പുകച്ചുരുളകളുയര്‍ത്തി സര്‍ക്കുലേഷന്‍ പെരുപ്പിച്ചവര്‍ ഇന്ത്യാവിഷനെതിരെ ധാര്‍മ്മിക രോഷം കൊണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തമാശ. മനോരമ പ്രകടിപ്പിച്ച ഭ്രാന്തമായ അസ്വസ്ഥത യു.ഡി.എഫ്. എന്ന കപ്പലില്‍ മുഴങ്ങിയ അപകട സൈറന്റെ പ്രതിഫലനമാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന മാഫിയ ഭരണ വാഴ്ചയുടെ വേരുകള്‍ പുറത്തു വരുന്ന അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും യുഡിഎഫിനെ രക്ഷപ്പെടുത്തുവാന്‍ ആര്‍ക്കും കഴിയില്ലെന്ന ബോധമായിരിക്കാം മനോരമയുടെ ഉറക്കം കെടുത്തുന്നത്.
വീക്ഷണവും ചന്ദ്രികയും പുലര്‍ത്തുന്ന മാധ്യമ മാന്യതയുണ്ട്. ഇരു പത്രങ്ങളുടേയും എഡിറ്റോറിയലുകള്‍ പറയുന്നത് ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ മനോരമ പറഞ്ഞത് ആരുടെ നിലപാട് ? ? ?
തീവ്രമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അന്ധമായ യുഡിഎഫ് പ്രണയവും മനോരമയെ മതിഭ്രമത്തിലാഴ്ത്തിയിരിക്കുന്നു. സംസ്ഥാനത്ത് ഇടതുപക്ഷ ജനാതിപത്യമുന്നണിയെ എതിരുടുന്നത് രാഷ്ട്രീയ മുന്നണിയല്ല. മറിച്ച് യുഡിഎഫ് മാധ്യമങ്ങളും നേതൃത്വം നല്‍കുന്ന അവിശുദ്ധ സഖ്യമാണ്. ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മുഖം അനാവരണം ചെയ്യുന്നതാണ് ഫെബ്രുവരി നാലിലെ എഡിറ്റോറിയല്‍. രാഷ്ട്രീയ സദാചാരത്തിന്റെ സര്‍വ്വ സീമകളും ലംഘിക്കുകയാണ് ഈ അവിശുദ്ധ സഖ്യം. മലയാളികളുടെ പൊതുബോധത്തെ കീഴടക്കാന്‍ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗതാല്പര്യത്തിന്റെ തടവറയില്‍ തള്ളാന്‍ മനോരമയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ആസൂത്രിത നീക്കത്തെ പ്രതിരോധിക്കാന്‍ ഇനിയും സമയം അധികരിക്കരുത്.
Social Drinking
പണ്ടുകാലത്തെ കളളുഷാപ്പുകള്‍ ഉള്‍പ്രദേശങ്ങളിലായിരുന്നു. പൊതു ജനങ്ങള്‍ അധികം കടന്നു ചെല്ലാത്ത ഇടങ്ങളില്‍. എല്ലാ ഷാപ്പുകള്‍ക്കും പിന്നാമ്പുറത്ത് ഒരു വാതിലുമുണ്ടാകും. പെട്ടെന്നാരും കാണില്ലെന്നുറപ്പുണ്ടെങ്കിലും കൂടുതല്‍ കുടിയന്‍മാരും കളള് മോന്താനെത്തുന്നത് പിന്‍വാതിലിലൂടെയാകും. പുറകു വശത്തെ വാതിലിലൂടെ കടക്കുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ മുണ്ടിട്ടിറങ്ങുന്നത് ശീലമാക്കിയിരുന്നവരായിരുന്നു അധികം പേരും. മദ്യപിക്കുമ്പോഴും മറയുണ്ടായിരുന്നു. ആരുടെയൊക്കെയോ നോട്ടത്തെ ഭയന്നിരുന്നു. പഴയകാലത്തെ ഈ മദ്യശാലകള്‍ 'സാമൂഹിക വളര്‍ച്ച'യുടെ ഏതു ഘട്ടത്തില്‍ വെച്ചാണ് പൊതു നിരത്തുകളിലേക്ക് നടന്നു കയറിയത്? നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രധാന കവലകളില്‍, പൊതുവീഥികള്‍ക്കരികിലെ നീണ്ട ക്യൂവിലേക്ക് അച്ചടക്കത്തോടെ, തലയില്‍ മുണ്ടിടാതെ, അഭിമാനബോധത്തോടെ നിവര്‍ന്നു നിന്നു മദ്യം വാങ്ങാനുളള 'അവകാശബോധത്തിലേക്ക് കുടിയന്‍മാര്‍ കരുത്ത് പ്രാപിച്ചത് എന്നു മുതലാണ്?
ആഗോള വല്‍ക്കരണമെന്നാല്‍ അധിനിവേശമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭൂപടത്തെ മാത്രമല്ല സാംസ്‌കാരിക മൂല്യങ്ങളെയും അത് മാറ്റി വരയ്ക്കും. പുതിയ ശരികള്‍, പുതിയ തെറ്റുകള്‍ എഴുതിച്ചേര്‍ക്കും.
Social Drinking എന്ന പദം സാമൂഹിക നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. സാമൂഹിക പ്രതിബന്ധതയും രാഷ്ട്രീയ കാഴ്ചപ്പാടും കരുപിടിക്കേണ്ട പ്രായത്തില്‍ യുവത്വം ആഘോഷജീവിതത്തിന്റെ മേച്ചില്‍ പുറങ്ങളിലേക്ക് വഴിമാറി നടക്കുന്നു.
ആഗോള വല്‍ക്കരണമെന്നാല്‍ അധിനിവേശമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭൂപടത്തെ മാത്രമല്ല സാംസ്‌കാരിക മൂല്യങ്ങളെയും അത് മാറ്റി വരയ്ക്കും. പുതിയ ശരികള്‍, പുതിയ തെറ്റുകള്‍ എഴുതിച്ചേര്‍ക്കും.
Social Drinking എന്ന പദം സാമൂഹിക നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. സാമൂഹിക പ്രതിബന്ധതയും രാഷ്ട്രീയ കാഴ്ചപ്പാടും കരുപിടിക്കേണ്ട പ്രായത്തില്‍ യുവത്വം ആഘോഷജീവിതത്തിന്റെ മേച്ചില്‍ പുറങ്ങളിലേക്ക് വഴിമാറി നടക്കുന്നു.
തീവ്രവാദമുയര്‍ത്തുന്ന ഭീഷണികള്‍ - എ.എ.റഹിം
ഒന്ന്
'Never in history was their another victor who showed such love and mercy for the fallen foe'
എ.ഡി.629-ാം ആണ്ടിലെ റമളാന്‍ മാസമാണ്; വിശുദ്ധ മക്കാ നഗരത്തിന്റെ മണല്‍പ്പരപ്പില്‍ നമ്രശിരസ്‌കനായി മുഹമ്മദ് നിന്നു. പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് തക്ബീര്‍ധ്വനികള്‍ മുഴങ്ങി. മുറിവില്‍ തീക്കനല്‍ സ്പര്‍ശം എന്ന പോല്‍ ഓര്‍മ്മകള്‍ മനസ്സിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പരാജയം സമ്മതിച്ച് ആയുധം താഴെവച്ച ശത്രുക്കളുടെയും ചരിത്രവിജയത്തിന്റെ അഭൗമമായ ആഹ്ലാദം മത്തുപിടിപ്പിച്ച തന്റെ സംഘാംഗങ്ങളുടെയും, വേദനകള്‍ പകര്‍ന്ന ഓര്‍മ്മകളുടെയും മധ്യത്തില്‍ പ്രവാചകന്‍ നിലയുറപ്പിച്ചു. ജനിച്ച മണ്ണില്‍ നിന്ന് തന്നെ നിര്‍ദ്ദയം ആട്ടിപ്പായിച്ചവര്‍, യാത്രികനെ മരുഭൂമി അക്രമിക്കുന്നതിനേക്കാള്‍ ക്രൂരമായി തന്നോട് പെരുമാറിയവര്‍, തന്റെ വാക്കുകളെ പിന്‍പറ്റിയതിന് എത്രയോ പേരെ ഇവിടെ ഈ മരുഭൂമിയില്‍ അരിഞ്ഞുവീഴ്ത്തി. ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍, അക്രമിക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീകള്‍ - സമാനതകളില്ലാത്ത ക്രൂരത തന്നോടുകാട്ടിയ ഒരു സമൂഹം മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍ - തന്റെ മുന്നില്‍ ഇതാ കീഴടങ്ങി നില്‍ക്കുന്നു. നബിയുടെ സംഘത്തിലൊരാള്‍ വാളുയര്‍ത്തി ആവേശത്തോടെ പ്രഖ്യാപിച്ചു, ഇത് പ്രതികാരത്തിന്റെ ദിനമാണ്. വിജയം ത്രസിച്ചു നിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിലേക്ക് വിദ്യുത്പ്രവാഹം പോലെ ആ ശബ്ദം പ്രവഹിച്ചു. എന്നാല്‍ പ്രാവചകന്‍ പ്രതിവചിച്ചു. ''അല്‍ യൗവ്മു യൗവ്മു അല്‍ മര്‍ഹമ്മ'' (ഇത് കാരുണ്യത്തിന്റെ ദിനമാണ്). തന്നോട് മൃഗതുല്യമായി പെരുമാറിയ ശത്രുക്കളോട് മുഹമ്മദ് പറഞ്ഞു 'നിങ്ങള്‍ക്ക് പോകാം നിങ്ങള്‍ സ്വതന്ത്രരാണ്' കാരുണ്യത്തിന്റെ, മാനവികതയുടെ ഈ ചരിത്ര അദ്ധ്യായത്തിനരികിലാണ് ലേഖനാദ്യത്തില്‍ സൂചിപ്പിച്ച ഉദ്ധരണി ഏതോ ചരിത്രാന്വേഷി രേഖപ്പെടുത്തി വച്ചത്.
നൂറ്റാണ്ടുകള്‍ക്കിപ്പുറം ഛേദിക്കപ്പെട്ട അദ്ധ്യാപകന്റെ കൈപ്പത്തിക്കരികില്‍ 'പ്രാവചകശിഷ്യര്‍' കുറിച്ചിട്ടു. 'ഇത് താക്കീത്, പ്രവാചകനെ വാക്കുകള്‍ കൊണ്ടുപോലും നിന്ദിച്ചവര്‍ക്കുള്ള താക്കീത്'. വെട്ടിമാറ്റപ്പെട്ടത് അദ്ധ്യാപകന്റെ കൈപ്പത്തിമാത്രമല്ല; കാരുണ്യത്തിന്റെ പൈതൃകം പേറുന്ന ഒരു പ്രത്യയശാസ്ത്രം കൂടിയാണ്.
ഇസ്ലാം പൂര്‍വ അറേബ്യ, അജ്ഞതയുടെ ഇടമായിരുന്നു. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ രൂഢമൂലമായ ഒരു സമൂഹം. അവിടെയായിരുന്നു ഇസ്ലാം ആവിര്‍ഭവിച്ചത്. സമൂഹത്തെ പുതച്ചിരുന്ന ഇരുട്ടിനെ മറികടക്കുവാനുള്ള വെളിച്ചമായിരുന്നു ഖുര്‍-ആന്‍. ഹിറാഗുഹയില്‍ വച്ച് മുഹമ്മദിന് ആദ്യത്തെ ദൈവീക സന്ദേശമെത്തി.
''മുഹമ്മദ്, നീവായിക്കുക
നിന്നെ സൃഷ്ടിച്ച നിന്റെ
നാഥന്റെ നാമത്തില്‍ വായിക്കുക''
ഇസ്ലാം വായിക്കാനാണ് ആഹ്വാനം ചെയ്തത്. സത്യവിശ്വാസിയാകുന്നതിനോടൊപ്പം സത്യാന്വേഷിയാകാന്‍ കൂടിയാണ് ഖുര്‍-ആന്‍ ആവശ്യപ്പെട്ടത്. രണോത്സുകതയല്ല, കാരുണ്യമാണ് ഇസ്ലാമിന്റെ ആത്മാവ്. അതിനാല്‍ ഇസ്ലാമിന്റെ പേരില്‍ വാളെടുക്കുന്നവര്‍ ഇസ്ലാമിനു നേരെയാണ് പോര്‍വിളി മുഴക്കുന്നത്. ജിഹാദിന്റെ ആക്രോശങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെടുന്ന മതം, സമൂഹത്തിന്റെ സംശയകരമായ നോട്ടം ഏറ്റുവാങ്ങേണ്ടി വരുന്ന വിശ്വാസികള്‍. എന്തൊരവസ്ഥയാണ്!
രണ്ട്
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയപ്പോള്‍, പള്ളികളില്‍ നിന്നുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചപ്പോള്‍ ഇതിനെ, രാഷ്ട്രീയ സംഘര്‍ഷങ്ങളോടും കൊലപാതകങ്ങളോടും താരതമ്യം ചെയ്ത്, 'ഇവിടെ കൈവെട്ടുക മാത്രമേ ചെയ്തുള്ളൂ' എന്ന് വിലയിരുത്തിയവരുണ്ട്! കൈവെട്ടിയതിനേക്കാള്‍ ആപല്‍ക്കരമാണ് ഈ അഭിപ്രായ പ്രകടനങ്ങള്‍. ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാഷ്ട്രത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയേക്കാവുന്ന സര്‍വ്വതിനോടും നാം അകലം പാലിച്ചേ മതിയാകൂ. സൂഷ്മതയോടെ മാത്രമേ പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ രൂപപ്പെടുത്താവൂ.
ഇന്ത്യ, സ്വാതന്ത്ര്യം നേടിയത് ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനു നടുവിലായിരുന്നു. മതം കറുപ്പിനേക്കാള്‍ ശക്തിയോടെ ഒരു ജനതയുടെ മസ്തിഷ്‌കത്തില്‍ രാസപ്രവര്‍ത്തനം നടത്തിയകാലം. 64 സംവത്സരങ്ങള്‍ക്കിപ്പുറം ആ ദിനരാത്രങ്ങള്‍ നിഴല്‍പോലെ രാജ്യത്തെ ഇന്നും പിന്‍തുടരുന്നു. മുറിവുണക്കാന്‍, മതേതരത്വം ശക്തിപ്പെടുത്താന്‍ ഇന്ത്യ ഭരിച്ചുപോന്നവര്‍ എന്തുചെയ്തു?
വിഷപ്പാമ്പ് പ്രസവിച്ചു കൂട്ടുന്നതു പോല്‍ അസംഖ്യം വര്‍ഗ്ഗീയ-മതതീവ്രവാദ സംഘങ്ങള്‍ രാജ്യത്താകെ വ്യാപിച്ചു. ഒരു ബഹുമതരാഷ്ട്രത്തിന്റെ ഏകത്വം കാത്തുസൂക്ഷിക്കുവാന്‍ സൂഷ്മതയോടെ ഇടപെടേണ്ടവര്‍ പലയാവര്‍ത്തി വംശഹത്യയുടെ സ്‌പോണ്‍സര്‍മാരായി. '1948 ജനുവരി 30, 1992 ഡിസംബര്‍ 6' കലണ്ടറിലെ ഈ ദിനങ്ങള്‍ രാഷ്ട്രത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടാക്കി. രാമജന്മഭൂമി വികാരം ആളിക്കത്തിച്ചു സംഘപരിവാരം ഭാരതത്തിന്റെ അധികാരം കയ്യേറി, മുഖ്യ പ്രതിപക്ഷമായി ഇന്നും തുടരുന്നു. 64 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഹിന്ദു-ഇസ്ലാം ഭീകരസംഘടനകള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നിരവധി തവണ നാട് വിറങ്ങലിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത പരസ്പരം വെള്ളവും വളവും വലിച്ചെടുത്തു ശക്തിപ്രാപിച്ചു.
'മതനിരപേക്ഷത വിജയിക്കുന്നോ എന്നറിയാന്‍ ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നു എന്നല്ല, ന്യൂനപക്ഷത്തിന് എന്ത് തോന്നുന്നു എന്നാണ് നോക്കേണ്ടത്.' ജവഹര്‍ലാല്‍ നെഹ്‌റു - (ജവഹര്‍ലാല്‍ നെഹ്‌റു ആന്റ് ഇന്ത്യാസ് ക്വിസ്റ്റ് ഫോര്‍ സെക്കുലര്‍ ഐഡന്റിറ്റി) ഈ നിരീക്ഷണം ശ്രദ്ധേയമാണ്. രാജ്യത്തുണ്ടായ ചില സംഭവങ്ങള്‍-ബാബറി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്ത് വംശഹത്യ തുടങ്ങിയവയുടെ പേരില്‍ മുസ്ലീം തീവ്രവാദം ശക്തിപ്പെട്ടു.
1980 കളില്‍ സിമിക്ക് ലഭിക്കാതിരുന്ന സ്വീകാര്യത ഇന്ന് പോപ്പുലര്‍ ഫ്രണ്ടിന് നേടിക്കൊടുത്തത് മേല്‍ സൂചിപ്പിച്ച സാഹചര്യമാണ്. പോപ്പുലര്‍ ഫ്രണ്ട് സംഘടിതമായ ഒരു തീവ്രവാദ പ്രസ്ഥാനമാണ്. രൂപീകരണം, വളര്‍ച്ച, ധനാഗമനമാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ അടിമുടി നിഗൂഢതകള്‍ നിറഞ്ഞ ലക്ഷണമൊത്ത മതതീവ്രവാദസംഘടനയാണ് ഇവര്‍. ഇവരെ കരുതലോടെ ചെറുത്തുതോല്‍പ്പിക്കേണ്ടത് വര്‍ത്തമാനകാലത്തെ രാജ്യസ്‌നേഹികളുടെയാകെ കടമയാണ്. ഈ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തുവാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കേണ്ടത് മതേതരത്വം ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹവുമാണ്.
സങ്കുചിത വംശീയതയുടെ കറപുരണ്ട ചുമരുകള്‍ക്കുള്ളില്‍ മുസ്ലീം യൗവ്വനത്തെ ഒരു സൈന്യത്തെപ്പോലെ എന്‍.ഡി.എഫ് സജ്ജീകരിച്ചപ്പോള്‍ കണ്ണീര്‍ പൊഴിക്കേണ്ടി വന്നവരിലേറെയും മുസ്ലീം ഉമ്മമാരായിരുന്നു. മുസ്ലീം ഭവനങ്ങളില്‍ പോലീസിനെ കയറ്റിയ എന്‍.ഡി.എഫ് കാലാന്തരത്തില്‍ മസ്ജിദുകളില്‍ പോലീസ്‌നായയെ ക്ഷണിച്ചുവരുത്തി. ബോംബും വടിവാളും സംഭരിക്കാന്‍ ആരാധനാലയങ്ങളെ ഉപയോഗിച്ചവര്‍ വെല്ലുവിളിക്കുന്നത് സമാധാനജീവിതം ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസിയെയാണ്.
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമായ അരാഷ്ട്രീയ വല്‍ക്കരണം, സാര്‍വ്വദേശീയ-ദേശീയ സാഹചര്യങ്ങള്‍, മുസ്ലീം ജനവിഭാഗത്തിനിടയില്‍ പ്രദാനം ചെയ്യുന്ന അരക്ഷിതാവസ്ഥ- ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടാന്‍ കാരണം. മേല്‍സൂചിപ്പിച്ച മൂര്‍ത്തമായ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ മതതീവ്രവാദത്തെ ശിഥിലമാക്കുവാനുളള പോരാട്ടം അര്‍ത്ഥപൂര്‍ണ്ണമാകൂ.
തങ്ങളുടെ സമുദായം അരക്ഷിതമാണെന്ന പ്രതീതി ജനിപ്പിച്ചു മാത്രമേ മതതീവ്രവാദത്തിന് പിന്തുണ സംഭരിക്കാന്‍ സാധിക്കൂ. എന്‍.ഡി.എഫിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്റെ പ്രഥമ സംസ്ഥാനസമ്മേളനത്തിന്റെ മുദ്രാവാക്യം 'അതിജീവനത്തിനുള്ള പടയൊരുക്കം' എന്നായിരുന്നു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നായിരുന്നു സിമിയുടെ മുദ്രാവാക്യം. പ്രത്യക്ഷത്തില്‍ തന്നെ തീവ്രതയും ദേശവിരുദ്ധതയും ഉള്‍ച്ചേര്‍ന്നിരുന്നു സിമിയുടെ മുദ്രാവാക്യത്തില്‍. അതുകൊണ്ടാണ് അധികം പേരെ സിമിക്ക് സ്വാധീനിക്കാന്‍ സാധിക്കാതിരുന്നതും. എന്നാല്‍ ഒരു ദശാബ്ദത്തിനിപ്പുറം എന്‍.ഡി.എഫ് ആയി സിമി പുനരവതരിച്ചപ്പോള്‍ 'ഇന്ത്യയുടെ മോചനം' 'ഇന്ത്യയിലെ അതിജീവനം' എന്നാക്കി മാറ്റി. 'അതിജീവനം' 'പ്രതിരോധം' എന്നിവയ്‌ക്കെല്ലാം സമൂഹത്തില്‍ ലഭിക്കുന്ന അനുകമ്പയും സ്വീകാര്യതയുമാണ് എന്‍.ഡി.എഫ് ബോധപൂര്‍വ്വം പ്രയോജനപ്പെടുത്തിയത്. മനുഷ്യാവകാശ സംഘടനയായായിരുന്നു കേരളത്തില്‍ എന്‍.ഡി.എഫ് അവതരിപ്പിക്കപ്പെട്ടത്. 'പ്രതിരോധം അപരാധമല്ല' എന്നാണ് തങ്ങളുടെ കായിക സംഘാടത്തിന് എന്‍.ഡി.എഫ് എക്കാലവും ന്യായീകരണം കണ്ടെത്തുന്നത്. ആക്രമണങ്ങള്‍ മതവിശ്വാസത്തിന്റെ അനിവാര്യതയാണെന്നിവര്‍ വ്യാഖ്യാനിച്ചു. എതിരാളിയുടെ പിടയ്ക്കുന്ന ശരീരത്തില്‍ നിന്നും വമിക്കുന്ന ചുടുചോരയുടെ ഗന്ധത്തില്‍ മനം മടുക്കാതിരിക്കാന്‍, ലഭിക്കാന്‍ പോകുന്നത് സ്വര്‍ഗ്ഗമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. വിശ്വാസത്തിന്റെ, പ്രതികാരത്തിന്റെ, സ്വപ്നത്തിന്റെ, പിന്നെ സമ്പത്തിന്റെയും നടുവില്‍ ഉന്മാദാവസ്ഥയിലെത്തിയ, എന്തിനും പോന്ന സംഘത്തെ എന്‍.ഡി.എഫ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) യായി പരിണാമം പ്രാപിച്ച ഒരു ദശാബ്ദത്തിനിടയില്‍ സംസ്ഥാനത്ത് സൃഷ്ടിച്ചെടുത്തു.
ഇന്ത്യ-മതനിരപേക്ഷതയും മതേതരത്വവും അനുവദിക്കുന്ന രാഷ്ട്രമാണ്. ഇസ്ലാം മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ നിയമപരമായി തടസമൊന്നുമില്ല. ഇവിടെ ഇന്ത്യന്‍ ഫാസിസത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. മതേതര-ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് വേണ്ടത്. കലാപകാരികള്‍ നാമമാത്രമാണ്. സമാധാനകാംക്ഷികളാണധികവും. കേരളത്തിലാണെങ്കില്‍ ദൃഢമായ മതേതര സമൂഹവുമാണ്. വിശ്വാസത്തിന്റെ പേരില്‍ എന്‍.ഡി.എഫ് വാളെടുക്കുമ്പോള്‍ സാമുദായിക സ്പര്‍ദ്ധവര്‍ദ്ധിപ്പിക്കാന്‍ അത്തരം അരക്ഷിതമായ സാഹചര്യത്തില്‍ സംഘപരിവാറിന് പിന്തുണ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമേ ഉപകരിക്കൂ. പലപ്പോഴും തങ്ങളുടെ ആക്രമണങ്ങള്‍ അതിജീവനത്തിനുള്ള അനിവാര്യതയാണെന്ന് സ്ഥാപിക്കാന്‍ നുണക്കഥകള്‍ എന്‍.ഡി.എഫ് പ്രചരിപ്പിച്ചിട്ടുണ്ട്. നാദാപുരത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ബിനുവിനെ കൊലപ്പെടുത്താന്‍ മുസ്ലീം സ്ത്രീയുടെ മാനഭംഗക്കഥ ഇവര്‍ പ്രചരിപ്പിച്ചത് ഉദാഹരണം (ബലാല്‍സംഗക്കഥ സംസ്ഥാനത്താകെ യു.ഡി.എഫ് അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു.)
മൂന്ന്
മക്കയില്‍ നിന്നും പലായനം ചെയ്ത നബിക്കും അനുയായികള്‍ക്കും അഭയം നല്‍കിയത് മദീനാപട്ടണമായിരുന്നു. തുടര്‍ന്ന് ഇസ്ലാമിന് സ്വച്ഛന്ദമായി വളരാനുള്ള കാലാവസ്ഥ സൃഷ്ടിച്ചതും മദീനയായിരുന്നു. മദീന ബഹുസ്വരതയുടെ നാടായിരുന്നു. വിവിധ ഗോത്രങ്ങള്‍, മതങ്ങള്‍, വ്യത്യസ്ഥകുലങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണമായിരുന്നു അവിടം. അവരെയാകെ സഹിഷ്ണുതയോടെ ഇസ്ലാം സമീപിച്ചു. സാമുദായിക സ്പര്‍ദ്ധയും ധ്രുവീകരണവും ഉണ്ടാകാതിരിക്കാന്‍ മുഹമ്മദ് ഏറെ ശ്രദ്ധാലുവായിരുന്നു. അവിടെ നബി രൂപീകരിച്ച ഭരണഘടന തികച്ചും മതനിരപേക്ഷമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അവതരിച്ച ഖുറാന്‍ സൂക്തങ്ങളും ഹദീസുകളും ഇതിനുതെളിവാണ്.
''ഇവിടെത്തെ ഒരു അമുസ്ലീമിന്റെ മേലും നിങ്ങള്‍
കൈവയ്ക്കരുത്. അവന്റെ മേല്‍ കൈവച്ചാല്‍
എന്റെ മേല്‍ കൈവച്ചവനാണെന്നോര്‍മ്മ വേണം.
എന്റെ മേല്‍ കൈവച്ചാല്‍ പടച്ചവന്റെ മേല്‍
കൈവച്ചതാണെന്നും''. (ഹദീസ്)
ഒരു ബഹുമതസമൂഹത്തില്‍ എങ്ങനെയാണ് സൗഹൃദപരമായി കഴിയേണ്ടതെന്ന് ഇസ്ലാം പഠിപ്പിച്ചു. സഹിഷ്ണുതയും സൗഹൃദവും മുഖമുദ്രയാക്കിയാണ് ഇസ്ലാം വളര്‍ന്നതും. മതം എന്നതിനപ്പുറം ഇസ്ലാം ഒരു സാമൂഹ്യ ജീവിത ക്രമമാണ് വരച്ചുകാട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളുടെ അജണ്ട മതപരമല്ല; രാഷ്ട്രീയമാണ്. ഇവരുടെ ബൗദ്ധിക വാദങ്ങളും ഇസ്ലാമിന്റെ മൂര്‍ത്തമായ സന്ദേശങ്ങളും തമ്മില്‍ പുലബന്ധമില്ല. അക്രമകാരികളും അരാജകവാദികളുമായിരുന്ന ഒരു ജനതയെ സംസ്‌കാരസമ്പന്നതയിലേക്ക് നയിച്ച അറിവിന്റെ പാതയായിരുന്നു ഇസ്ലാം. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച പ്രത്യയശാസ്ത്രം. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷിതത്വം തകര്‍ക്കുന്ന, ഇസ്ലാമിക മതതീവ്രവാദസംഘങ്ങള്‍ക്കെതിരെയാണ് പോരാടേണ്ടത്. തന്റെ ഭവനത്തിലേക്ക്, ആരാധനാലയത്തിലേക്ക് തീവ്രവാദം കടന്നുവരാതിരിക്കാന്‍ ജാഗരൂകരാകേണ്ടത് മുസ്ലീം ജനവിഭാഗത്തിന്റെ കടമയാണ്. വിട്ടുവീഴ്ചയില്ലാത്ത സമീപനം വര്‍ഗ്ഗീയതയ്‌ക്കെതിരെ സ്വീകരിക്കാന്‍, ജനാധിപത്യ മതേതരരാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ബാധ്യത നിറവേറ്റാന്‍ മതവിശ്വാസികള്‍ തയ്യാറാകണം.
Subscribe to:
Posts (Atom)
Find It
Popular Posts
-
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസ് ഉയിര്‍ത്തെഴുന്നേറ്റു...... സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തില്‍ യുഡിഎഫ് അകപ്പെട്ട കാലം. ഈജ...
-
ഒന്ന് 'Never in history was their another victor who showed such love and mercy for the fallen foe' എ.ഡി.629-ാം ആണ്ടിലെ റമളാന്‍ മാസ...
-
പണ്ടുകാലത്തെ കളളുഷാപ്പുകള്‍ ഉള്‍പ്രദേശങ്ങളിലായിരുന്നു. പൊതു ജനങ്ങള്‍ അധികം കടന്നു ചെല്ലാത്ത ഇടങ്ങളില്‍. എല്ലാ ഷാപ്പുകള്‍ക്കും പിന്നാമ്പുറത...
-
പുകമറയ്ക്കുപിന്നില്‍ സംഭവിക്കുന്നത് - എ.എ.റഹിം കഴിഞ്ഞ മൂന്നു മാസത്തിലധികമായി മലയാള മാധ്യമങ്ങള്‍ സിപിഐ(എം) വിരുദ്ധ വാര്‍ത്തകളുടെ പു...
-
എമെര്‍ജിംഗ് കേരള കൊടിയ അഴിമതിക്കും അടിമത്വാതിനുമുള്ള കരാര്‍ ആണ്.വ്യാപകമായി ഭൂമി കയ്മാറ്റം നടത്തി ലോകത്ത് ഒരിടത്തും വികസന വിപ്ലവം നടത്തിയ...
-
എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കൊച്ചിയിലെ തട്ട് കടകള്‍ നീക്കം ചെയ്യുന്നതായി ഒരു വാര്‍ത്ത കണ്ടു.എത്രയോ സാധാരണക്കാരായ മനുഷ്യ...
Reading Problems ?
Kadakkal Speech
- A A Rahim
- Trivandrum, Kerala, India
- Contested in 2011 Kerala Assembly Election from Varkala Assembly Constituency as LDF Candidate .................................................. SFI Former Kerala State Vice President .................................................. Former Chairman, Kerala University Union .................................................. Former Syndicate Member, Kerala University .................................................. Educational Profile: Diploma in Journalism MA, LLB Now doing Phd.