മനോരമയ്ക്ക് മതിഭ്രമം വന്നാല്‍.......

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസ് ഉയിര്‍ത്തെഴുന്നേറ്റു......
സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തില്‍ യുഡിഎഫ് അകപ്പെട്ട കാലം.  ഈജിപ്തിലെ രാജവാഴ്ചയ്‌ക്കെതിരെ കലാപമുയര്‍ന്ന അതേ കാലയളവില്‍ തന്നെ ഇങ്ങ് മലപ്പുറത്തും മുസ്ലിംലിഗീന്റെ സുല്‍ത്താന്‍ വാഴ്ചയുടെ കൗണ്‍ ഡൗണ്‍ തുടങ്ങി.  നാലാം തരം പെണ്ണുകേസ്...... അളിയന്‍മാര്‍തമ്മിലെ കുടുംബവഴക്ക് മുനീര്‍ കുഞ്ഞാലിക്കുട്ടി ഗ്രൂപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ എന്നതിനൊക്കെ അപ്പുറത്ത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്കാണ് വാര്‍ത്താദൃശ്യങ്ങള്‍ വെളിച്ചം വിതറുന്നത്.  ജുഡീഷ്യറിയുടെ കളങ്കം, കേസ് അട്ടിമറിച്ചതിനുപയോഗിച്ച കളളപണത്തിന്റെ സ്രോതസ്സ്, കളളനോട്ടും ഹവാലയുമുള്‍പ്പെടെയുളള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗൗരവമായ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇന്ത്യാവിഷനില്‍ മലയാളികള്‍ കണ്ടത്. 
    ഈ വാര്‍ത്തകള്‍ ലീഗിനെ, യു.ഡി.എഫി നെ ചൊടിപ്പിക്കുന്നത് സ്വാഭാവികം. എന്നാല്‍ മലയാള മനോരമയെ പ്രകോപ്പിച്ചത് സാമാന്യയുകതികൊണ്ട് ന്യായീകരിക്കാനാകുന്നതല്ല.  മനോരമയും മാതൃഭൂമിയും ഈ വാര്‍ത്തകളോട് അസനിഷ്ണുതയും അകലവും പാലിച്ചത് നമ്മള്‍ കണ്ടു.  അതുകൊണ്ടും തീരാതെ മലയാളമനോരമ ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചിരിക്കുന്നു.

എഡിറ്റോറിയല്‍ മാധ്യമത്തിന്റെ നിലപാടാണ് പ്രതിഫലിപ്പിക്കുന്നത്.  വാര്‍ത്തകളും നീരിക്ഷണങ്ങളും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. 2011 ഫെബ്രുവരി 4ന് 'വോട്ടിനായി ഇത്രയും തരം താഴാമോ' എന്ന തലകെട്ടില്‍ മലയാളമനോരമ ദിനപത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു.  മനോരമയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരത്തിന്റെ ഉദാഹരണമായി എക്കാലവും എടുത്തുകാട്ടാവുന്ന കടലാസ് കഷണമായിരിക്കുമിത്.

    'രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മ്മ പരിപാടികളും മുന്‍ നിര്‍ത്തി ഉളളതാകുമ്പോഴാണ്.  തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഒളിക്ക്യാമറകളെ അഭയം പ്രാപിക്കുന്നത് തരം താണ രാഷ്ടീയം തന്നെ.  അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.  പാര്‍ലമന്റെ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരെഞ്ഞെടുപ്പ് രഥം ഉരുണ്ടു വരുന്നത് കണ്ട് പകച്ച് രണ്ടും കല്പിച്ചുളള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്”   കുപ്രസിദ്ധമായ മനോരമ എഡിറ്റോറിയല്‍ സമാഹാരത്തില്‍ ഒരെണ്ണം കൂടി !
    കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ വാര്‍ത്ത പുറത്ത് വിട്ടത് കൈരളി - പീപ്പിള്‍ ആയിരുന്നില്ല.  ഇന്ത്യാവിഷനായിരുന്നു.  ഇന്ത്യാവിഷന്‍ ഉടമസ്ഥാവകാശം ഡോ:എം.കെ.മുനീറിനാണ്. 'ഞങ്ങളുടെ കൈവശം ഇനിയും ടേപ്പുകളുണ്ട്,  അവ കേരളത്തിന്റെ മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും കൈമാറും' ഇതു പറഞ്ഞതും ഇന്ത്യാവിഷന്‍.  ഇവിടെ എവിടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇടപെടല്‍?

മനോരമ ദിനപത്രം ഈ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന്റെ അതേ ദിവസം തന്നെയാണ് മനോരമ ടിവിയുടെ അഭിമുഖ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.  ''തന്റെ പാര്‍ട്ടിയിലുളള ചിലരുടെ അതിമോഹമാണ് ഈ വാര്‍ത്തകള്‍ക്കു പിന്നില്‍.''” ഈ അഭിമുഖ സംഭാഷണത്തിലെ ഓരോ വെളിപ്പെടുത്തലും ലീഗ് രാഷ്ട്രീയത്തിലെ പക പുരണ്ട യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥിരീകരണമായിരുന്നു.  കുഞ്ഞാലിക്കുട്ടി പോലും ആര്‍ജ്ജവത്തോടെ ആരോപിക്കാത്ത ഒരു കാര്യം മനോരമ എന്തിനു എഡിറ്റോറിയല്‍ എഴുതി? രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് മനോരമയ്ക്ക്.  കേരളം ഇനി യു.ഡി.എഫ് തന്നെ ഭരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി മനോരമ.  അടുപ്പില്‍ കഞ്ഞിക്കായ് വെളളം തിളപ്പിച്ച് അരിയിടുന്നതിനായി പാത്രമെടുത്തപ്പോള്‍ തട്ടി താഴെയിട്ടിരിക്കുന്നു ചില ചാനല്‍ പൂച്ചകള്‍.  മദ്യശാലയ്ക്ക് അവധിയുള്ള ദിവസം സംഘടിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി തട്ടിയിട്ട് ഉടച്ചവനോട് കളളു കുടിയനു തോന്നുന്ന അടങ്ങാത്ത അരിശം പോലെ മനോരമ പേനയെടുത്ത് ഉറഞ്ഞുതുളളി.  എഡിറ്റോറിയല്‍ ആണെന്നും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പുറത്തിറക്കുന്ന ലഘുലേഖ അല്ല ഇതെന്നുമുളള തിരിച്ചറിവ് അരിശത്തളളിച്ചയില്‍ മറന്നു പോയി മനോരമ.
       
യുഡിഎഫിനെ അരിയിട്ട് വാഴിക്കാന്‍ ഇത്തവണ ഏറെ പാടുപെടേണ്ടി വരുമെന്ന് മറ്റാരെക്കാളും നന്നായി മലയാളമനോരമയ്ക്കറിയാം.  ഇത്രയും കാലം പരീക്ഷിച്ച മരുന്നുകൂട്ടുകള്‍ കൊണ്ട് ഇത്തവണ യുഡിഎഫിന്് മൃതസഞ്ജീവനി പകരാനാവില്ല.  പുതിയ ആയുധത്തിനായി തലപുകയ്ക്കുമ്പോഴാണ് സാക്ഷാല്‍ എം.കെ.മുനീര്‍ വക ഈ ചതി.  കരളുരുകി വിലപിക്കാനല്ലാതെ ആരോടെന്നില്ലാതെ തട്ടിക്കയറാനല്ലാതെ, എന്തു ചെയ്യാനാകും മനോരമയ്ക്ക്

കുപ്രസിദ്ധമായ വിമോചന സമരത്തിലെ കൂട്ടുപ്രതിയാണ് മലയാള മനോരമ.  ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ഈ മലയാള പത്രം ഇംഗ്ലീഷ് ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതി. 'Kerala Agitation And Indian Constitution'  വിമോചന സമരമദ്ധ്യേ സംസ്ഥാന സന്ദര്‍ശനം നടത്തിയ നെഹ്‌റുവിന്റെ  ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു ഈ സാഹസം.  കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ കപ്പിത്താനാണ് എക്കാലവും മലയാള മനോരമ.
മാധ്യമ സദാചാരത്തെക്കുറിച്ച് മനോരമ എഡിറ്റോറിയല്‍ വാചാലമാകുന്നത് നോക്കുക.  ആരുടെയൊക്കെയോ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക്  ചൂട്ടുപ്പിടിക്കുന്ന ഒളിക്യാമറ പ്രവര്‍ത്തനം മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല.  അന്വേഷണാത്മക റിപ്പോര്‍ട്ടിംഗും ഏതാനും തല്പര കക്ഷികളുടെ ഒപ്പം സഞ്ചരിച്ച് അവര്‍ പറയുന്നത് പ്രാകരമുളള ചിത്രീകരണവും തമ്മിലുളള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്.  ഇതുപോലെ ഒട്ടേറെ സാരാംശങ്ങള്‍ കൊണ്ട് സമ്പന്നമാണ് എഡിറ്റോറിയല്‍.      ഒന്നുമില്ലായ്മയില്‍ നിന്ന് കഥയുണ്ടാക്കി നാടുവിറപ്പിച്ചവര്‍... മനോരമയുടെ സെന്‍സേഷണലിസവും പ്രൊഫഷണലിവും തകര്‍ത്തെറിഞ്ഞറിഞ്ഞ രാഷ്ട്രീയ നേത്യത്വം മുതല്‍ ,സാധാരണക്കാര്‍ വരെ എത്രയോപേര്‍ ഈ എഡിറ്റോറില്‍ വായിച്ച് പുച്ഛിച്ചുണ്ടാവും. അച്ചടിശാലകളില്‍ നിന്നും വിവാദ വ്യവസായത്തിന്റെ പുകച്ചുരുളകളുയര്‍ത്തി സര്‍ക്കുലേഷന്‍ പെരുപ്പിച്ചവര്‍ ഇന്ത്യാവിഷനെതിരെ ധാര്‍മ്മിക രോഷം കൊണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തമാശ. മനോരമ പ്രകടിപ്പിച്ച ഭ്രാന്തമായ അസ്വസ്ഥത യു.ഡി.എഫ്. എന്ന കപ്പലില്‍ മുഴങ്ങിയ അപകട സൈറന്റെ പ്രതിഫലനമാണ്.  കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന മാഫിയ ഭരണ വാഴ്ചയുടെ വേരുകള്‍ പുറത്തു വരുന്ന അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.  ഈ പ്രതിസന്ധിയില്‍ നിന്നും യുഡിഎഫിനെ രക്ഷപ്പെടുത്തുവാന്‍ ആര്‍ക്കും കഴിയില്ലെന്ന ബോധമായിരിക്കാം മനോരമയുടെ ഉറക്കം കെടുത്തുന്നത്.

വീക്ഷണവും ചന്ദ്രികയും പുലര്‍ത്തുന്ന മാധ്യമ മാന്യതയുണ്ട്.  ഇരു പത്രങ്ങളുടേയും എഡിറ്റോറിയലുകള്‍ പറയുന്നത് ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ മനോരമ പറഞ്ഞത് ആരുടെ നിലപാട് ? ? ?
 
തീവ്രമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അന്ധമായ യുഡിഎഫ് പ്രണയവും മനോരമയെ മതിഭ്രമത്തിലാഴ്ത്തിയിരിക്കുന്നു. സംസ്ഥാനത്ത് ഇടതുപക്ഷ ജനാതിപത്യമുന്നണിയെ എതിരുടുന്നത് രാഷ്ട്രീയ മുന്നണിയല്ല. മറിച്ച് യുഡിഎഫ്  മാധ്യമങ്ങളും നേതൃത്വം നല്‍കുന്ന അവിശുദ്ധ സഖ്യമാണ്. ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മുഖം അനാവരണം ചെയ്യുന്നതാണ് ഫെബ്രുവരി നാലിലെ എഡിറ്റോറിയല്‍. രാഷ്ട്രീയ സദാചാരത്തിന്റെ സര്‍വ്വ സീമകളും ലംഘിക്കുകയാണ് ഈ അവിശുദ്ധ സഖ്യം. മലയാളികളുടെ പൊതുബോധത്തെ കീഴടക്കാന്‍ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗതാല്പര്യത്തിന്റെ തടവറയില്‍ തള്ളാന്‍ മനോരമയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ആസൂത്രിത നീക്കത്തെ പ്രതിരോധിക്കാന്‍  ഇനിയും സമയം അധികരിക്കരുത്.


Find It